അമ്പലപ്പുഴ: അന്പലപ്പുഴയിൽ നാലു വീടുകളിൽ മോഷണശ്രമം. പോസ്റ്റ് ഓഫീസിന് കിഴക്ക് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് കഴിഞ്ഞ രാത്രിയിൽ നാലു വീടുകളിൽ അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്.
പടിഞ്ഞാറേ വീട്ടിൽ ബിപിൻ, കൃഷ്ണ കൃപയിൽ ശശിധരകൈമൾ, ഗുരുഭവനിൽ ഷിനു, ജലീലിയാ മൻസിലിൽ അബ്ദുൾ റഹ്മാൻ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. രാത്രി 12.30നും 3.30നുമിടയിലാണ് വീടുകളിൽ മോഷണശ്രമം നടന്നത്.
ബിപിൻ, ശശിധരകൈമൾ, ഷിനു എന്നിവരുടെ വീടുകളിൽ അടുക്കള വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
ബിപിന്റെ വീട്ടിൽ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം കാണാമെങ്കിലും വ്യക്തമല്ല. കൈയിൽ ആയുധമുപയോഗിച്ച് ഒരാൾ നടന്നുപോകുന്ന ദൃശ്യമാണ് ഇതിലുള്ളത്. തന്റെ വീട്ടിലെ ഇൻവെർട്ടർ ഓഫ് ചെയ്ത ശേഷമാണ് മോഷണ ശ്രമം നടത്തിയതെന്ന് ഷിനു പറഞ്ഞു. ശശിധര കൈമളിന്റെ വീട്ടിൽ അടുക്കള വാതിലിനുള്ളിൽ ഇരുമ്പ് പട്ട കുറുകെ പിടിപ്പിച്ചിരുന്നതിനാൽ ഇവിടെയും അകത്തു കയറാൻ കഴിഞ്ഞില്ല. ഒരു രാത്രിയിൽത്തന്നെ സമീപത്തെ നാലു വീടുകളിൽ മോഷണശ്രമം നടന്നതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. അമ്പലപ്പുഴ പോലീസെത്തി അന്വേഷണം ആരംഭിച്ചു.